top of page

“DAM- AGE” നാശം വിതയ്ക്കാത്ത വികസനത്തിലൂടെ നാളത്തെ തലമുറയ്ക്ക് വഴി ഒരുക്കാം
ഡാമുകൾ (അണക്കെട്ടുകൾ) നമുക്ക് നൽകുന്ന സേവനങ്ങൾ വിസ്മരിച്ചുകൊണ്ടല്ല “DAM-AGE” എന്ന് പേരിട്ടിരിക്കുന്ന ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കാലപ്പഴക്കം സംഭവിച്ചിരിക്കുന്ന ഡാമുകൾ ഉയർത്തുന്ന ഭീഷണി ഒട്ടും ചെറുതല്ല എന്ന് മലയാളികളെ ആര് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. ശാസ്ത്രശാഖകളുടെ വികാസത്തിന്റെ ഭാഗമായി ലോകമെങ്ങുമുയര്‍ന്ന ഡാമുകൾ മനുഷ്യജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ മുതല്‍ക്കൂട്ട് തന്നെയാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. വിദ്യുച്ഛക്തിയുടെ ഉപയോഗം സര്‍വസാധാരണമായതോടെ കുറഞ്ഞ ചെലവില്‍ വന്‍തോതിലുള്ള വൈദ്യുതോത്പാദനത്തിനായി ഡാമുകളെ ഉപയോഗിക്കുന്ന രീതി സര്‍വവ്യാപകമാകുകയും ചെയ്തു. വെള്ളപ്പൊക്കം മൂലമുള്ള കൃഷിനാശങ്ങള്‍ ഒഴിവാക്കുന്നതിന് വെള്ളപ്പൊക്ക നിയന്ത്രണോപാധികളെന്ന നിലക്കും ഡാമുകൾ ആവശ്യമായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രാചീനകാലത്തുതന്നെ ഡാമുകൾ നിര്‍മിക്കപ്പെട്ടതായാണ് പറയുന്നത്.ഡാമുകളുടെ നേട്ടം എടുത്തുപറയുമ്പോള് തന്നെ അവയുടെ കോട്ടങ്ങളും ഡാമുകൾ സൃഷ്ടിച്ച ദുരന്തങ്ങളുടെ വ്യാപ്തിയും വലിയ ആശങ്കള്ക്കും ചര്ച്ചകള്ക്കും വഴിവെക്കാറുണ്ട്. അമിതമായ മഴമൂലം ജലനിരപ്പ് ഉയര്‍ന്ന് 1979ല്‍ ഗുജറാത്തിലെ മോര്‍ബി ഡാം തകര്‍ന്നുണ്ടായ ദുരന്തവും 1969ല്‍ മഹാരാഷ്ട്രയിലെ കൊയ്‌നാനഗറിലെ ഡാം ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്നതും 2008ല്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സപ്തകോശി നദിയിലെ ഡാം തകര്‍ന്നതും 2021 ല്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞ് വെള്ളപ്പൊക്കം ഉണ്ടായി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നതുമടക്കമുള്ള നാല് ദുരന്തങ്ങളാണ് ഇന്ത്യയിൽ ഇതുവരെയായുണ്ടായത്.


ഇന്ത്യയില്‍ പ്രധാനപ്പെട്ട മുപ്പതിലേറെ നദീതടങ്ങളിലായുള്ള വന്‍ഡാമുകളുടെ എണ്ണം അയ്യായിരത്തിലേറെയാണ്. ഇതില്‍ പകുതിയിലേറേയും 20 വര്‍ഷത്തിനിടയില്‍ പണികഴിപ്പിച്ചതാണ്. വൈദ്യുതിക്കും കുടിവെള്ളത്തിനുമായി ഡാമുകളെ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ 58ഉം ജല അതോറിറ്റിയുടെ നിയന്ത്രണത്തില്‍ രണ്ടും ജലസേചന വകുപ്പിനു കീഴില്‍ 18ഉം അണക്കെട്ടുകളാണുള്ളത്. പക്ഷേ, മഴ ചതിച്ചാല്‍ നമ്മുടെ നദികളിലെ നീരൊഴുക്ക് കുറയും. അണക്കെട്ടുകളിലെ ജലനിരപ്പ് താഴും. ഇത് വൈദ്യുതി ഉല്‍പാദനം കുറയുന്നതിനും കേരളത്തെ ഇരുട്ടിലാക്കാനും ഇടയാക്കുന്നു. എന്നാല്‍ കനത്ത മഴ പെയ്താല്‍ അണക്കെട്ട് നിറയുകയും അത് മറ്റ് ചില ഭീതികള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്റേതുൾപ്പെടെയുള്ള കാര്യങ്ങളിലെ ആശങ്ക ഏതു കാലവര്‍ഷക്കാലത്തേതും പോലെ ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്.വെറുതെ ഒഴുകി കടലിൽ പോകുന്ന ജലത്തെ നമ്മുടെ ആവശ്യങ്ങൾക്ക് സൗകര്യം പോലെ ഉപയോഗിക്കാം എന്നതാണ് ഡാമിന്റെ ഗുണം. കെട്ടിക്കിടക്കുന്ന ജലത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കാം. അങ്ങിനെ വൈദ്യുതി നിർമ്മിക്കുമ്പോൾ അന്തരീക്ഷം മലിനപ്പെടുത്തുന്ന വാതകങ്ങളോ വിഷ വസ്തുക്കളോ ഉണ്ടാവുന്നില്ല എന്നത് ജലവൈദ്യുതിയുടെ ഒരു ഗുണമാണ്. മിച്ചം വരുന്ന ജലം അതെ പുഴയിലേക്ക് തന്നെ ഒഴുക്കുകയോ അല്ലെങ്കിൽ വീണ്ടും ഒരു തടയണ കെട്ടി കൃഷിആവശ്യങ്ങൾക്കു ഉപയോഗിക്കുകയോ ആവാം. അതായാത് ഇവിടെ മാലിന്യങ്ങളോ അവശിഷ്ടമോ ഉണ്ടാവുന്നില്ല. ഇത് ഡാമിന്റെ മുൻപിലെ കാര്യം . പിറകിലോ? വിശാലമായ, ആഴമേറിയ ഒരു തടാകമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ഡാമിൽ നമുക്ക് മത്സ്യകൃഷിയും മറ്റും നടത്താം . ബോട്ടിങ് ഉൾപ്പടെയുള്ള ടൂറിസം സാധ്യതകൾ വേറെയും ഉണ്ട് .
മുകളിൽ പറഞ്ഞ രീതിയിൽ മനുഷ്യന് ധാരാളം ഗുണങ്ങൾ ഡാമുകൾ മൂലം ലഭിക്കുന്നുണ്ട്. പക്ഷെ, പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും ഡാമുകൾ ദോഷങ്ങൾ മാത്രമാണ് സംഭാവന ചെയ്യുന്നത് എന്നത് നാം വിസ്മരിക്കരുത്. ഭൂമിയിലെ പല മത്സ്യവർഗ്ഗങ്ങളും പുഴയുടെ ഒഴുക്കിനെതിരെയും അനുകൂലമായതും കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്രജനനത്തിനായി പോകുന്നത് . നല്ലൊരുഭാഗം മീനുകളും അഴിമുഖത്തു മുട്ടയിടുകളും ജനനശേഷം നദിയുടെ ഉൾഭാഗങ്ങളിലേക്കു ചേക്കേറുകയും ചെയ്യും . കാലാകാലങ്ങളായുള്ള ഇവയുടെ വഴികളിൽ ആണ് നാം ഡാം കെട്ടുന്നത്. വഴി അടയുന്നതോടു കൂടി ഇങ്ങനെയുള്ള മിക്ക മീൻവർഗ്ഗങ്ങളും നാമാവശേഷമാകും . ഇപ്പോൾ പല ആധുനിക ഡാമുകളോട് ചേർന്ന് മീനുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രവേശിക്കാനുള്ള fish ladder എന്ന നീർച്ചാലുകൾ ഉണ്ടാക്കാറുണ്ട് എങ്കിലും ഇത് തീരെ ഫലപ്രദമല്ല എന്നാണു കണ്ടുവരുന്നത് എക്കലും മാലിന്യങ്ങളും കെട്ടിനിർത്തുന്ന അണക്കെട്ടുകൾ രോഗസ്രോതസുകൾ ആണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു . അണക്കെട്ടിന്റെ മുകളിലെ ജലത്തിന്റെ താപനിലയും ഏറ്റവും അടിയിലെ താപനിലയും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ടു തന്നെ ഡാമിലെ ആഴങ്ങളിൽ സാധാരണ മീൻ വർഗ്ഗങ്ങൾ ജീവിക്കില്ല. മാത്രവുമല്ല കീഴെയുള്ള ജലമാണ് തുറന്നു വിടുന്നതെങ്കിൽ കുറഞ്ഞ താപനിലയിലുള്ള ജലം ഡാമിന് താഴെയുള്ള നദിയിലെ മത്സ്യസമ്പത്തിനു കാര്യമായി ദോഷം ചെയ്യും എന്നും അവർ പറയുന്നു .

ഡാം മൂലം രൂപമെടുക്കുന്ന തടാകം സത്യത്തിൽ വലിയ ദോഷം ചെയ്യുന്നുണ്ട്. വ്യാപകമായ കുടിയൊഴുപ്പിക്കൽ മാത്രമല്ല, അത് പ്രദേശത്തെ പ്രകൃതിയെ ഒന്നാകെ മാറ്റിമറിക്കും. കാലാകാലങ്ങളായുള്ള ആനത്താരകൾ അടഞ്ഞുപോകും. കാട് രണ്ടു വ്യത്യസ്ത പരിസ്ഥിതികളായി വേർതിരിയും. ഡാമിന് മുകളിലുള്ള പരിസ്ഥിതിയും അതിനു താഴേക്കുള്ള പുഴയുടെ അവസ്ഥയും തമ്മിൽ ആടും ആനയും പോലെ വ്യത്യസ്തമാണ് എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് ഡാം അന്തരീക്ഷമലിനീകരണം ഉണ്ടാക്കും എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം . ഡാമിന്റെ നിമ്മാണവേളകളിലും പിന്നീടും അടിഞ്ഞു കൂടുന്ന ജൈവഅവശിഷ്ടങ്ങളിൽ നിന്നും ഹരിതവാതക പ്രഭാവത്തിനു കാരണക്കാരനായ മീഥേൻ വാതകം ക്രമാതീതമായി പുറംതള്ളുന്നുണ്ട് എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. (www.internationalrivers.org/campaigns/reservoir-emissions). ഇതുകൂടാതെ ജലത്തിന്റെ അമിതഭാരം ഭൂമികുലുക്കത്തിനും കാരണമായേക്കാം എന്നും തെളിഞ്ഞിട്ടുണ്ട്. മരങ്ങളുടെയും മത്സ്യസമ്പത്തിന്റെയും നാശം നമ്മളെ ഒരിക്കലും ബാധിക്കില്ല എന്ന് കരുതുന്നത് അബദ്ധം തന്നെയാണ് .ഹൈഡ്രോ ഇലക്ട്രിസിറ്റിയുടെ പുതിയ ട്രെൻഡ് കൂറ്റൻ ഡാമുകളില്ലാത്ത, പരിസ്ഥിതിയെ മുക്കിക്കളയാത്ത ചെറുകിട വൈദ്യുതപദ്ധതികളാണ്. ഡാമുകളുടെ ഏറ്റവും വലിയ അപകടം അത് നദിയുടെ ഒഴുക്കും എക്കലൊഴുകിവരുന്നതുൾപ്പെടെയുള്ള എല്ലാ പ്രക്രിയകളും തടസപ്പെടുത്തുമെന്നതാണ്. ഇടുക്കി ഡാമിൽ എത്ര ടൺ എക്കലായിരിക്കും ഇപ്പോൾ അടിഞ്ഞുകൂടിയിട്ടുണ്ടാവുക.പെരിയാറിന്റേതുൾപ്പെടെയുള്ള നദികളുടെ തീരങ്ങളിലേക്ക് ഒഴുകിയെത്തേണ്ട മണൽ ഡാമുകളിൽ അടിഞ്ഞുകൂടുന്നതു കൊണ്ടാണ് ഇന്നവ മരംവളരുന്ന നദികളായി മാറിയത്. ഡാം നിർമ്മാണത്തോടെ ജൈവവ്യവസ്ഥയ്ക്ക് ആഘാതം സംഭവിക്കും.

ഡാം തന്നെ ഇല്ലാത്തതുകൊണ്ട് നദിയുടെ ഒഴുക്ക് നിലനിർത്താൻ സാധിക്കും. ആ ഒഴുക്കിന്റെ ശക്തികൊണ്ട് മാത്രം പ്രവർത്തിക്കുന്ന ജലവൈദ്യുതപദ്ധതികളാണ് റൺ ഓഫ് ദ റിവർ പ്രോജക്റ്റുകൾ (ROR Project). അര മെഗാവാട്ട് ഉത്പാദനശേഷിയുള്ള പത്തോ ഇരുപതോ യൂണിറ്റുകൾ ഒരു നദിയിൽത്തന്നെ സ്ഥാപിക്കാനാവും. അതിനുള്ള സാങ്കേതികവിദ്യയും യന്ത്രങ്ങളും നൽകുന്ന നിരവധി കമ്പനികൾ ഇന്ന് ലോകത്തുണ്ട്. മഴക്കാലത്ത് 100% ഉത്പാദനം നടക്കുന്ന ഈ പ്രോജക്റ്റുകളിൽ വേനൽ കടുക്കുന്നതോടെ ഉത്പാദനം കുറയും എന്നതുമാത്രമാണ് ഒരു പ്രശ്നം. വേനലിൽ സുലഭമായി ലഭിക്കുന്ന സൂര്യപ്രകാശത്തെ സോളാർ വൈദ്യുതിയാക്കുന്ന മറ്റൊരു ബൃഹത്പദ്ധതികൊണ്ട് ആ സമയത്തെ പ്രതിസന്ധി പരിഹരിക്കാം.

നിലവിൽ ഉള്ള അണക്കെട്ടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുകയും കാലാവധി കഴിഞ്ഞ ഡാമുകൾ ഘട്ടം ഘട്ടമായി ഡീ കമ്മീഷൻ ചെയ്യുകയും വഴി ഡാം തകർച്ച മൂലം ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തം ഒരു പരിധി വരെ കുറയ്ക്കാം.


നമ്മുടെ ഉപഭോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതിസൗഹൃദ ജീവിതരീതികളും നിർമ്മാണരീതികളും പ്രോത്സാഹിപ്പിക്കേണ്ടുന്ന ഇന്നത്തെകാലത്ത് ദുരന്ത രഹിത ഭാവിക്കായി പുതിയ ഡാമുകൾ എന്ന ചിന്ത വെടിഞ്ഞ് ബദൽ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നന്മ ലക്ഷ്യമാക്കി കാര്യങ്ങൾ ആസൂത്രണം ചെയ്യാം.